Tuesday, May 14, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

THECHIKKOTTUKAVU RAMACHANDRAN


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

       ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതും ഏറ്റവുമധികം ഉയരമുള്ളതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

ബിഹാറില്‍ നിന്ന് കേരളക്കരയിലെത്തിയ മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജരാജചക്രവര്‍ത്തിയാണ്. കഴിഞ്ഞ ആറു വർഷ മായി തൃശൂർ പൂരം വിളമ്പരം ചടങ്ങായ തെക്കേഗോപുര നട തുറക്കുന്നത് 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്‌.  ഇപ്പോൾ നടന്നുകഴിഞ്ഞ തൃശൂർ പൂരം ഏറെ ചർച്ചചെയ്തത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. വിവാദങ്ങൾക്കൊടുവിൽ വിലക്കു നീക്കി രാമൻ വീണ്ടും ചടങ്ങിനെത്തി, വൻ ജനാവലിയുടെ ആവേശമായി ഈ ചടങ്ങും അങ്ങനെ ചരിത്രമായി.

            സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ പടര്‍ത്തിയ ഗജരാജനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .കേരളത്തിലെ ആനകളില്‍ ഉയരക്കേമനായ രാമചന്ദ്രന്‍ ചെറായി, ഇത്തിത്താനം തലപ്പൊക്ക മത്സരങ്ങളില്‍  വിജയിച്ചിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

   വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, പ്രായം 56 ണ് മുകളിൽ. ഉയരം 317 സെന്റീമീറ്റർ.   ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല ഉയർത്തിപിടിച്ചുനില്‍ക്കുമെന്നതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു

   ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലും പിന്നീട് തൃശ്ശൂരെ വെങ്കിടാദ്രിസ്വാമിയുടെ കൈവശവുമെത്തിയ രാമചന്ദ്രന് സ്വാമി നല്‍കിയ പേര് ഗണേശന്‍ എന്നായിരുന്നു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കുന്നത്. 


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

     രാമചന്ദ്രന്റെ ഉയരക്കേമവും ലക്ഷ്ണത്തികവുകളും വലിയ ആരാധക കൂട്ടവും ആന കേരളത്തിലെ ഒരു മനോഹര ചരിത്രമായി ഒരു വശത്തുനിൽക്കുമ്പോൾ ഒരു മറുവശംകൂടി ഉണ്ട്......
      ഇതുവരെ 13 പേരെയും  രണ്ട്‌ ആനകളെയും ഇവൻ കൊലപ്പെടുത്തിയിട്ടുണ്ട്.  .  തൃശ്ശൂർ തിരുവമ്പടിയുടെ പഴയ പൂരനായകൻ തിരുവമ്പടി ചന്ദ്രശേഖരനെയാണ് കുത്തിയതും പിന്നെ ചന്ദ്രശേഖരൻ ചരിയുകയായിരുന്നു. 2014 ൽ പെരുമ്പാവൂർ കൂട്ടുമഠം ക്ഷേത്രത്തിൽ ഉത്സവത്തിനിടക്കു ഇടഞ്ഞ രാമചന്ദ്രന്‍ 3 പേരെ കൊലപ്പെടുത്തിയിരുന്നു. കോട്ടപ്പടിയിൽ വെച്ച് ഈ വർഷമാദ്യം 2 പേരെ കൊലപ്പെടുത്തിയിരുന്നു. ഒരു കണ്ണ് പൂർണ്ണമായും ഒന്നിന് ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു.......പെട്ടന്ന് പ്രകോപനം കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  നമ്മുടെ പല ഗജവീരന്മാരും ചങ്ങല ഇല്ലാതെപോലും കൊണ്ടുനടക്കാവുന്ന മനുഷ്യസ്നേഹികളാണെന്നകാര്യം ഈ ആനക്കുവേണ്ടി   മുറവിളികൂട്ടുന്ന ആനപ്രേമികൾ  ഓർക്കണം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ