Wednesday, March 20, 2019

"തൃക്കടവൂർ ശിവരാജു"

THRIKKADAVOOR SIVARAJU


തിരുവിതാംകൂർ ദേവസ്വം കൊല്ലം തൃക്കടവൂർ മഹാദേവന്റെ മനസപുത്രൻ
ഗജസൗന്ദര്യത്തിന്റെ മൂർത്തിമത്ത് ഭാവം അതാണ് "തൃക്കടവൂർ ശിവരാജു".

"തൃക്കടവൂർ ശിവരാജു"
    പത്തടിക്ക് മേലെ ഉയരക്കേമത്തം. ഉയരം 311.3 സെന്റീ മീറ്റർ ആണ്
എന്നാലോ ഇരിക്കസ്ഥാനത്തിന്റെ ഉയരത്തേക്കാള്‍ കുറഞ്ഞത് ഒരടിയെങ്കിലും മേലെ നില്‍ക്കുന്ന തലയെടുപ്പ്. ലക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന ശിവരാജുവിന്റെ കൊമ്പുകളും ചെവികളും എടുത്തുപറയേണ്ടവയാണ്. അത്ര വണ്ണമുള്ളവയല്ലെങ്കിലും തെല്ല് പകച്ചകന്ന നീളന്‍ കൊമ്പുകളും അസാമാന്യ വലിപ്പമാര്‍ന്ന ചെവികളും .നീണ്ട തുമ്പികൈയും തെറ്റില്ലാത്ത വായൂകുംഭവും കരിങ്കറുപ്പ് നിറവും ഉറച്ച കാലുകളുമെല്ലാം രാജുവിന്റെ 'പ്രതിഭാവിലാസങ്ങള്‍' തന്നെ. ഇടനീളം കുറച്ച് കുറവാണെന്നത് മാത്രമാവാം ചെറിയൊരു ന്യൂനത. പിന്നെ കണ്ണുകിട്ടാതിരിക്കാന്‍ എന്നോണം, എങ്ങനെയോ ഒരു ചെവിയിലുണ്ടായ ചെറിയ മുറിപ്പാടും


                    തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസേനയിലെ ഉയരക്കേമന്‍;
കൊല്ലം ജില്ലയിലെ വിഖ്യാതമായ തൃക്കടവൂര്‍ ക്ഷേത്രത്തിലെ ആന. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി. ഇന്നിപ്പോള്‍ തൃക്കടവൂര്‍ ദേശത്തിന്റെ നാമം തിരുവിതാംകൂറിന്റെ അതിരുകളും കടന്ന് കേരളമങ്ങോളമിങ്ങോളം അറിയപ്പെടുന്നുവെങ്കില്‍, അതിന് കാരണക്കാരന്‍ രാജുവെന്ന ഓമനപ്പേരില്‍ നാട്ടുകാര്‍ വിളിക്കുന്ന ശിവരാജു തന്നെ.
                   കോന്നി ആനക്കൂട്ടില്‍ നിന്നാണ് ശിവരാജു തൃക്കടവൂരിലേക്ക് എത്തുന്നത്. കോന്നി റേഞ്ചിന് കീഴില്‍ അട്ടത്തോട് ഭാഗത്തെ കാട്ടില്‍ ഒരു പഴങ്കുഴിയില്‍ വീണ ആനക്കുട്ടി. നിയമംമൂലം ആനപിടിത്തം നിരോധിക്കപ്പെട്ടിട്ടും, കാട്ടില്‍ അവിടവിടായി മൂടാതെ കിടക്കുന്ന പഴയ വാരിക്കുഴികളെയാണ് പഴങ്കുഴി എന്ന് വിളിക്കുന്നത്. കുഴിയില്‍ വീഴുന്ന സന്ദര്‍ഭത്തില്‍ ആനക്കുട്ടിയുടെ പ്രായം ഏറിയാല്‍ അഞ്ചുവയസ്സ്. കുഞ്ഞിക്കൊമ്പുകള്‍ മുളച്ച് വരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

"തൃക്കടവൂർ ശിവരാജു"
                      തൃക്കടവൂർ ശിവരാജു സ്വതവേ ഇത്തിരി ശുണ്ഠിക്കാരനാണെങ്കിലും, ഇന്നോളം അവന്‍ സാരമായ അപകടങ്ങളൊന്നും വരുത്തിയിട്ടില്ലെന്നതാണ് ശിവരാജുവിന്റെ ആരാധകരുടെ അഭിമാനം. മാത്രമല്ല, ഇരമ്പിയാര്‍ക്കുന്ന പുരുഷാരത്തിന് നടുവിലൂടെ, തന്റെ വാലില്‍ തൂങ്ങിപ്പിടിച്ചുകൊണ്ടോടുന്ന നാട്ടുക്കൂട്ടത്തെയും വകവയ്ക്കാതെ അക്ഷോഭ്യനായി കുതികുതിക്കുന്ന ശിവരാജു ആനപ്രേമികള്‍ക്കിടയില്‍ ഒരത്ഭുതവുമാണ്. കൊല്ലം ജില്ലയിലെ ഉമയനെല്ലൂര്‍ ക്ഷേത്രത്തില്‍ അനേക ദശകങ്ങളായി നടന്നുവരുന്ന 'ആനവാല്‍പ്പിടി' എന്ന ചടങ്ങിലും ആനയോട്ടത്തിലുമാണ് തൃക്കടവൂര്‍ ശിവരാജുവിന്റെ ക്ഷമയും സഹനശക്തിയും വര്‍ഷങ്ങളായി മാറ്റുരയ്ക്കപ്പെടുന്നത്.

No comments:

Post a Comment