Tuesday, May 7, 2019

ചെർപ്പുളശ്ശേരി പാർത്ഥൻ


ചെർപ്പുളിശ്ശേരി പാർത്ഥന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....7-5-2019

"CHERPLASSERY PARTHAN"
വള്ളുവനാട്ടിലെ ഇളമുറത്തമ്പുരാൻ.!
"ചെർപ്പുളശ്ശേരി പാർത്ഥൻ"

വള്ളുവനാട്ടിലെ ഇളമുറത്തമ്പുരാൻ.!
"ചെർപ്പുളശ്ശേരി പാർത്ഥൻ"
കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെർപ്പുളശ്ശേരി പാർത്ഥൻ (44) ചരിഞ്ഞു. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു.അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ചെർപ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെർപ്പുളശ്ശേരി പാർത്ഥൻ. ആന പ്രേമികളുടെ മനസിലെ എന്നും മായാത്ത മുഖമായി കഴിഞ്ഞു പാലക്കാടിന്റെ പാർത്ഥൻ. ചെർപ്പുളശ്ശേരിയെ കേരളത്തിന്റെ അറിയപ്പെടുന്ന ആനത്തറവാടാക്കാൻ മുഖ്യ പങ്കുവഹിച്ചത് പാർത്ഥൻ കൂടിയാണ്.
അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും ...

രാജശേഖരനും അനന്തപദ്മനാഭനും അടക്കി വാഴുന്ന ചെർപ്പുളശ്ശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം വൈകാതെ പാർത്ഥൻ സ്വന്തമാക്കി. 
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ പൂരനായകൻ തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തെ കൂട്ടിന് അർഹത നേടിയ പാർത്ഥൻ, പിന്നീട് ആനകേരളത്തിലെ അതികായൻ സാക്ഷാൽ കണ്ടമ്പുള്ളി ബാലനാരായണന്റെ പിൻഗാമിയായി കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റിയും പൂരങ്ങളുടെ പൂരത്തിന് എഴുന്നെള്ളി.!
മത്സരപ്പൂരങ്ങളിൽ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുണ്ട് പാർത്ഥന്. സാക്ഷാൽ അർജുനൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോരാട്ടവീര്യം.!

ചെർപ്പുളശ്ശേരി പാർത്ഥൻ
ഒരിക്കൽ എത്തനൂർ കുമ്മാട്ടിയിൽ മംഗലാംകുന്ന് കർണ്ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന വീരനായകനാണ് പാർത്ഥൻ.! പിന്നീടൊരിക്കൽ മാങ്ങോട്ടുകാവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണ്ണനുമെല്ലാം ഉള്ളപ്പോൾ തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ച ഖ്യാതിയും പാർത്ഥനുണ്ട്.
അസാധ്യതലയെടുപ്പും, അഴകും, നല്ല സ്വഭാവശുദ്ധിയും നിമിത്തം നിരവധിയാളുകളുടെ ഇഷ്ടതോഴനാണ് പാർത്ഥൻ.! മൂന്നര മാസത്തോളം നീണ്ടു നിൽകുന്നതാണ് നീരുകാലം. നല്ല ഉയരം, ഉയരത്തെ വെല്ലുന്ന തലയെടുപ്പ്, നല്ല സ്വാഭാവം, പ്രായത്തിന്റെ ആനുകൂല്യം ഇവയെല്ലാം പാർത്ഥന്റെ മേന്മകളാണ്. എങ്കിലും നടനീരിന്റെ പ്രശ്നം ആനയെ കാര്യമായി തളർത്തി.

കണ്ണീരിൽ കുതിർന്ന പ്രണാമം